MADRE DE DEUS CHURCH

ക്രിസ്‍തുരാജ പാദപൂജ

സിന്ധു.... ദയാ സിന്ധു ബന്ധു.... ദീനബന്ധു കാലമെത്ര കാത്തിരുന്നു നിന്നെയൊന്നു കാണുവാൻ എന്റെ ദാഹം നീയറിഞ്ഞു എന്റെ മോഹം നീയറിഞ്ഞു എന്റെ ദേഹം നീയുഴിഞ്ഞു എന്റെ ക്ഷേമം പൂവണിഞ്ഞു കണ്ണുനീരും കയ്യുമായ് ഞാൻ പാതവക്കിൽ കാത്തിരുന്നു കാഴ്ച്ചകിട്ടി കണ്ടു ഞാനീ ശബ്ദലോക സൗന്ദര്യം നീറി നീറി ഞാനിരുന്നു രോഗശാന്തി തന്നു നീ കഷ്ട്കാലം നീങ്ങിയെന്റെ ക്രിസ്‍തുരാജാ നന്ദിയെന്നും

പുരോഹിതൻ: പിതാവിന്റെയും / പുത്രന്റെയും / പരിശുദ്ധാത്മാവിന്റെയും / നാമത്തിൽ. സമൂഹം: ആമേൻ. പുരോഹിതൻ: കർത്താവ് നിങ്ങളോടു കൂടെ. സമൂഹം: അങ്ങേ ആത്മാവോടും കൂടെ. (തുടർന്ന് പുരോഹിതൻ വേദപുസ്തകം വായിക്കുന്നു, തുടന്ന് വചനം വിചിന്തനം ചെയ്യുന്നു) പുരോഹിതൻ: കരുണാമയനായ ക്രിസ്‍തുരാജാവേ / അങ്ങേ കൃപയുടെ കവാടം തുറക്കേണമേ. സമൂഹം: ക്രിസ്‍തുരാജാ / അങ്ങയുടെ സന്നിധാനത്തിൽ വരുവാൻ / ഞങ്ങളെ അനുവദിച്ചാലും. പുരോഹിതൻ: ക്രിസ്‍തുരാജാ / അങ്ങയുടെ / പ്രസാദവരം തേടിയെത്തിയ / ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. രക്ഷകാ / ദയാപരനായ രാജാവേ / പരിത്യക്തരായ ഞങ്ങൾ / പലവിധ പീഢകളുടെ ഭാരവുമായി / അവിടുത്തെ തിരുസന്നിധി തേടി എത്തിയിരിക്കുന്നു. ദൈവമേ, തൃപ്പാദം നമിക്കുന്ന ഈ സമൂഹംഹത്തെ / തൃക്കൺപാർക്കണമേ / കരുണ കാട്ടണമേ. സമൂഹം: നാഥാ / ഞങ്ങളുടെ ആത്മശരീരങ്ങളെ അലട്ടുന്ന ദു:ഖങ്ങൾ /കണ്ണീരോടെ ഞങ്ങൾ / അങ്ങേയ്‍ക്ക് സമർപ്പിക്കുന്നു / ദൈവമേ / ഞങ്ങളുടെ നെടുവീർപ്പും ഗദ്ഗദവും ശ്രദ്ധിക്കേണമേ / ഞങ്ങളുടെ നിലവിളി കേൾക്കേണമേ / ഞങ്ങളെ കൈവെടിയരുതേ / അശരണരുടെ കാണിക്ക കൈക്കൊളളണമേ / അനന്തമായ അങ്ങയുടെ കരുണാവർഷത്തിൽ ഒരു തുളളിയാൽ / ശാപമോക്ഷം തന്ന് ഞങ്ങളെയും ഉയർത്തി / അങ്ങേ അനുഗ്രഹീതരുടെ ഗണത്തിൽ / ചേർക്കണമേ. പുരോഹിതൻ: ആത്മാക്കൾക്കുവേണ്ടി ദാഹിക്കുന്ന നിത്യപിതാവേ / ഇതത്രയും അങ്ങേയ്ക്ക് ഭൂഷണമെന്ന് കരുതുവാൻ മാത്രം കരുണാമയനാണല്ലോ അവിടുന്ന് / ഈ ദു:ഖങ്ങൾ കൈമാറാനും / ശാന്തിനൽകാനും ഞങ്ങൾക്ക് മറ്റാരുമില്ല / കർത്താവേ, അന്യത്വമെന്ന അഗാധതയിലേയ്ക്ക് / ഞങ്ങളെ കൈവെടിയരുതേ / അതിമാരകങ്ങളായ ദു:ഖവും രോഗവും, പൈശാചിക ബാധകളും / ഞങ്ങളുടെ ആത്മശരീരങ്ങളെ കീഴടക്കുവാൻ / അങ്ങ് അനുവദിക്കരുതേ. / അങ്ങേ പീഢാനുഭവങ്ങളുടെ ഗണത്തിൽ / ഞങ്ങളുടെ ദു:ഖങ്ങൾ വീണ്ടും ഏറ്റിവക്കുന്നത് / സദയം ക്ഷമിക്കേണമേ / രക്ഷകാ / ലോകമെങ്ങും അങ്ങയിൽ ശരണപ്പെടുന്ന / ദു:ഖിതരേയും പീഢിതരേയും / ആശ്വസിപ്പിക്കേണമേ / അവരെ വീണ്ടെടുക്കണമേ. സ്‍നേഹജ്വാലയായ ദൈവാത്മാജാ അങ്ങ് മാത്രം രാജാവും രക്ഷകനും വഴികാട്ടിയും, നല്ല ഇടയനുമായി ഞങ്ങളുടെ ആത്മശരീരങ്ങളിൽ വാഴേണമേ / ഞങ്ങൾക്കുവേണ്ടി മനുഷ്യനായ് അവതരിക്കുകയും തിരുരക്തം ചിന്തിമരിക്കുകയും ചെയ്ത രക്ഷകാ / വീണ്ടെടുപ്പിന്റെ വെളിച്ചം അങ്ങ് ലോകത്തിന് നൽകി / സ്വന്തം ജീവൻ നൽകി തന്റെ ജനത്തേയും രാജ്യത്തേയും വീണ്ടെടുത്ത രാജാവ് അങ്ങേകൻ മാത്രം. സമൂഹം: പാപികളെങ്കിലും / മഹനീയമായ അങ്ങേ രാജത്വത്തിന്റേയും / അമൂല്യമായ തിരുരക്തത്തിന്റേയും / പിൻഗാമിത്വവും പങ്കാളിത്തവും / ഞങ്ങൾ ഏറ്റുപറയുന്നു. / ലോകരക്ഷകാ / ഞങ്ങളുടെ വിശ്വാസത്തിന്റെ ഭദ്രനാളത്തെ കാത്തുകൊളേളണമേ / ഞങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തേണമേ / പ്രതിബന്ധങ്ങളെ ഭസ്മീകരിക്കേണമേ / പരീക്ഷണങ്ങളെ അതിജീവിക്കുവാൻ / ഞങ്ങൾക്ക് ശക്തി നൽകേണമേ. പുരോഹിതൻ: പാപികളെ തേടിവന്ന കരുണാമയാ / അങ്ങയുടെ പീഢാനുഭവത്തിന്റേയും / സ്‍നേഹത്തിന്റേയും പേരിൽ / ഞങ്ങൾ വീണ്ടും യാചിക്കുന്നു / ക്ലേശിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളേയും / ബന്ധുക്കളേയും ആശ്വസിപ്പിക്കേണമേ / ഞങ്ങൾക്ക് അഭയം നൽകുകയും / ഞങ്ങളെ സഹായിക്കുകയും ചെയ്യുന്ന / നല്ല മനുഷ്യരെ / സമൃദ്ധമായി അനുഗ്രഹിക്കേണമേ / അതിവേഗം ഞങ്ങളെ സൗഖ്യത്തിലേക്ക് നയിക്കുകയും ചെയ്യേണമേ. സമൂഹം: കർത്താവേ ഞങ്ങളെ ശ്രദ്ധിക്കേണമേ / രോഗഗ്രസ്തരേ / തൃക്കൺ പാർക്കേണമേ / ആത്മാവിലും ശരീരത്തിലും ഞങ്ങൾ അനുഭവിക്കുന്ന / അതികഠിനമായ പീഢകളെ / അങ്ങ് ഏറ്റുവാങ്ങി / പകരം അങ്ങേ ശാന്തിയും സംയമനവും നൽകി / ഞങ്ങളെ യാത്രയാക്കേണമേ / അനുഗ്രഹിക്കേണമേ. പുരോഹിതൻ: ഈ ദു:ഖങ്ങൾ ഞങ്ങളുടെ പിടിച്ചുനിൽപ്പിന്റെ കരുത്ത് തകർത്തിരിക്കുന്നു / ഞങ്ങളുടെ സിരകളെ തളർത്തിയിരിക്കുന്നു / ബുദ്ധിയെ മൂടൽമഞ്ഞിലാഴ്‍ത്തിയിരിക്കുന്നു / ആത്മാവിൽ ഏതോ കവചം അണിയിച്ചിരിക്കുന്നു / ‌‌കണ്ണുകളിൽ പ്രലോഭനങ്ങളുടെ തിമിരം നിറച്ചിരിക്കുന്നു / കർത്താവേ എഴുന്നളളി വരേണമേ. സമൂഹം: രക്ഷകാ / അങ്ങയെ കാണാൻ ഞങ്ങളുടെ കണ്ണ് തുറന്ന് തരേണമേ / അങ്ങേ കരം ഞങ്ങളുടെ ആത്മാവിലേക്ക് നീട്ടേണമേ / ഈ അന്ധകാരത്തിൽ നിന്ന് ഞങ്ങളെ / പ്രകാശത്തിലേക്ക് ആനയിക്കേണമേ / തകർന്ന് ചിതറിയ ഞങ്ങളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കേണമേ / ഉദ്ധരിക്കേണമേ. എല്ലാവരും: ദൈവമേ / കരുണാമയനായ രാജാവേ / അങ്ങേ കൃപയുടെ കവാടം / തുറക്കേണമേ. ദൈവമേ / നിന്ദിതരും പീഢിതരുമായ / ഞങ്ങളെ / കൈക്കൊളേളണമേ. ദൈവമേ / അങ്ങേ വരപ്രസാദം തേടിയെത്തിയ / ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.

ആശ്വാസ സങ്കീർത്തനം

എല്ലാവരും: കർത്താവേ / എന്റെ രാജാവേ / ഒരു പ്രകാശകിരണംപോലെ / മിന്നൽപിണർ പോലെ / അങ്ങ് ഇപ്പോൾ എന്റെ ആത്മാവിൽ പ്രവേശിച്ചത് / ഞാനറിയുന്നു / ഒരു മഞ്ഞു തുളളി പോലെ / അങ്ങേ വരപ്രസാദം / എന്നിലെങ്ങോ പതിച്ചലിയുന്നത് / ഞാൻ അനുഭവിക്കുന്നു / ‌അങ്ങേ തിരുരക്തത്തിന്റെ നൈർമല്യവും / വിശുദ്ധ ഗാത്രത്തിന്റെ പരിമളവും / കൈക്കൊളളുവാൻ / അങ്ങെന്നെ യോഗ്യനാക്കി / ‌നാഥാ / എന്റെ ആത്മാവിൽ നിന്നും അകന്ന് പോകുന്ന ഈ അന്ധകാരം / എന്നെ ചൂഴുന്ന പാപക്കറകളായിരിക്കട്ടെ / എന്റെ ആത്മശരീരങ്ങളിൽ നിന്നും ഇപ്പോൾ ഉരുകിയൊഴുകുന്നത് / എന്നെ ബാധിച്ച വ്യഥയായിരിക്കട്ടെ / രക്ഷകാ / ഞങ്ങളിൽ നിന്നും അകന്നുപോകരുതേ. പുരോഹിതൻ: രാജാധിരാജാവേ, സമസ്ത മനുഷ്യരുടേയും വേദനകളിൽ ആശ്വാസം നൽകേണമേ / ഈ സമൂഹംഹത്തിലെ രോഗികളും പരിക്ഷീണിതരും / പശ്ചാത്താപ വിവശരും / ഇപ്പോൾ അനുഭവിച്ച ശാന്തിയും ആശ്വാസവും നിലനിർത്തേണമേ / കാരുണ്യ മൂർത്തിയായ / ക്രിസ്തുരാജാവേ / യാത്രാമംഗളം ആവശ്യമുളളവർക്ക് പരിരക്ഷ നൽകേണമേ / കാറ്റിലും കോളിലും നിന്ന് കടലിൽ പോയവരെ കാത്തുകൊളേളണമേ / അവരുടെ പരിക്ഷീണാവസ്ഥയിൽ അവർക്ക് താങ്ങായിരിക്കേണമേ / അവരുടെ വസ്‍തുക്കൾ സംരക്ഷിക്കേണമേ / അപകടങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും / എല്ലാ വിധ ആപത്തുകളിൽ നിന്നും / ഈ ഭക്തസമൂഹംഹം അങ്ങേ കരവലയത്തിലും ചൈതന്യത്തിലും എന്നെന്നും സുരക്ഷിതരാകട്ടെ. രാജാധിരാജാവേ / ‌‌അയോഗ്യരായ ഞങ്ങളിൽ അവിടുന്ന് ചൊരിഞ്ഞ ദാനങ്ങൾ / അങ്ങേ സ്‍തുതിക്കായി സമർപ്പിക്കുവാൻ / ഞങ്ങളെ അനുവദിക്കേണമേ / അത്യുദാരനായ അവിടുത്തെ സന്നിധിയിൽ കടന്നുവരാൻ / അങ്ങ് ഞങ്ങളെ അനുവദിച്ചു / പ്രതിബന്ധങ്ങളിലും പരീക്ഷണങ്ങളിലും തകർന്ന് പോകാത്തവിധം ഞങ്ങളെ പരിപാലിച്ചു / അപകടങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിച്ചു. സർവ്വോപരി മരണത്തിന്റെ കരങ്ങളിൽനിന്ന് ഇന്നോളം ഞങ്ങളെ രക്ഷിക്കുകയും / അങ്ങേ തിരുസന്നിധിയിലേയ്ക്ക് ആനയിക്കുകയും ചെയ്‍തു / കർത്താവേ അങ്ങ് നൽകിയ സകല സൗഭാഗ്യങ്ങൾക്കും നന്ദിപൂർവ്വം ഞങ്ങൾ അങ്ങയെ വാഴ്‍ത്തട്ടെ / സ്‍നേഹനാഥാ, ഞങ്ങൾ അങ്ങയോട് എങ്ങനെയാണ് നന്ദി പറയുക. സമൂഹം: അവിടുത്തെ നാമം ഞങ്ങൾ പ്രകീർത്തിക്കും / അങ്ങയുടെ വിശ്വാസത്തിൽ നിലനിൽക്കും / അങ്ങേ ഉപദേശവും നിർദ്ദേശവും സ്വീകരിച്ചും / ദു:ഖിതരേയും പീഢിതരേയും ആശ്വസിപ്പിച്ചും / രോഗികളെ സഹായിച്ചും / അശരണർക്ക് അഭയം നൽകിയും / അങ്ങേ ഞങ്ങൾ പ്രീതിപ്പെടുത്തും. പുരോഹിതൻ: ലോകത്തിന്റെ പ്രകാശമായ മിശിഹാ രാജാവേ / ഞങ്ങൾ സമർപ്പിക്കുന്ന ത്യാഗവും സേവനവും കൈക്കൊളേളണമേ.

ലുത്തിനിയ

പുരോഹിതൻ: നിന്ദിതരേ, പീഢിതരേ, ക്രിസ്‍തുരാജനെ ആശ്രയിപ്പിൻ / നിങ്ങൾ സന്തോഷസമേതം അവിടുത്തെ സന്നിധിയിൽ പ്രവേശിക്കുവിൻ. സമൂഹം: സകല ചരാചരങ്ങളേ, ക്രിസ്‍തുരാജനെ പുകഴ്‍ത്തുവിൻ. പുരോഹിതൻ: കണ്ണിലെ കൃഷ്ണമണിപോലെ അവിടുന്ന് നിങ്ങളെ സംരക്ഷിക്കുന്നു / സകല ജനങ്ങളെ, ക്രിസ്‍തുരാജനെ വാഴ്‍ത്തുവിൻ. സമൂഹം: അവിടുന്ന് നല്ലവനാകുന്നു / അവിടുത്തെ കാരുണ്യം സകല തലമുറകളിലും ഉണ്ടായിരിക്കും.
മഹാബലവാനും, അതേസമയം അതിവിനീതനുമായ മിശിഹാ രാജാവേ, മക്കളായ മനുഷ്യരെ അന്വേഷിച്ചിറങ്ങിയ മിശിഹാ രാജാവേ, മനുഷ്യരുടെ സകലപ്രശ്‍‍നങ്ങൾക്കും പരിഹാരമായ മിശിഹാ രാജാവേ, മനുഷ്യരുടെ ആവശ്യകതകളും, അവശതകളും അറിഞ്ഞരുളുന്ന മിശിഹാ രാജാവേ, ഞങ്ങളുടെ ദുരനുഭവങ്ങളിലും, മാനസിക രോദനങ്ങളിലും, ശാരീരിക വേദനകളിലും, സഹതാപവർഷം ചൊരിയുന്ന മിശിഹാ രാജാവേ, യുഗങ്ങൾക്ക് ലക്ഷ്യവും ഭാഷ്യവും നൽകിയ മിശിഹാ രാജാവേ, അങ്ങയുടെ ജീവൻ നൽകി ഞങ്ങളുടെ വീണ്ടെടുത്ത മിശിഹാ രാജാവേ, ദു:ഖിതരുടെ അഭയമായ മിശിഹാ രാജാവേ, മഹാ അത്ഭുതങ്ങളുടെയും ദൈവീക ശക്തിയുടെയും ആസ്ഥാനമായ മിശിഹാ രാജാവേ, ഓരോ വ്യക്തിയുടേയും വ്യക്തിത്വത്തെ മാനിക്കുന്ന മിശിഹാ രാജാവേ, അപ്പവും വീഞ്ഞും തിരുശരീരരക്തങ്ങളാക്കി നൽകി മനുഷ്യരെ പരിപോഷിപ്പിക്കുന്ന മിശിഹാ രാജാവേ, അനന്തകോടി ജീവജാലങ്ങളുടെ ഉടമയായ മിശിഹാ രാജാവേ, അത്ഭുതങ്ങൾ വഴി അമർത്യത അനാവരണം ചെയ്‍ത്, അനശ്വരത വിളംബരം ചെയ്‍ത മിശിഹാ രാജാവേ, അങ്ങയുടെ തിരുവസ്‍ത്രം സ്പർശിച്ച രോഗിണിയെ അകതാരിലറിഞ്ഞ മിശിഹാ രാജാവേ, അനുതാപകിരണം ചൊരിഞ്ഞ് മാറാരോഗങ്ങളിൽ നിന്നും മുക്തിനൽകിയ ദയാപരനായ മിശിഹാ രാജാവേ, മനുഷ്യർ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്ന രോഗങ്ങൾ ബാധിച്ചവരെപ്പോലും സുഖപ്പെടുത്തി ആശ്വസിപ്പിച്ച മിശിഹാ രാജാവേ, സംശയാതീതമായി വേദവ്യാഖ്യാനങ്ങളും ജീവിത ദർശനങ്ങളും നൽകിയ മിശിഹാ രാജാവേ, ലാസറിനെ ഉയർപ്പിച്ച് മരണത്തിന്മേൽ വിജയം വിളംബരം ചെയ്‍ത മിശിഹാ രാജാവേ, അങ്ങയെ കാണുവാൻ തേങ്ങിക്കരഞ്ഞ അന്ധന്, കണ്ണും കാലവും തുറന്ന് കൊടുത്ത ദയാപരനായ മിശിഹാ രാജാവേ, കടലിനെ ശാന്തമാക്കിയ, ചരാചരങ്ങളുടെ രാജാവേ, എളിമയുടെ പ്രതീകമായ മിശിഹാ രാജാവേ, എളിയവളുടെ ചില്ലിക്കാശിന് തീരാവില കൽപ്പിച്ച മിശിഹാ രാജാവേ, ദാനം ചെയ്യുവാൻ സമ്പന്നനെ ഉപദേശിച്ച മിശിഹാ രാജാവേ, അങ്ങേ പീഢാനുഭവവും കുരിശുയാഗവും വഴി സമസ്‍ത ജനങ്ങളുടെയും വിമോചനം പ്രഖ്യാപിച്ച മിശിഹാ രാജാവേ, പ്രത്യയ ശാസ്ത്രങ്ങളുടെ അടിസ്ഥാന ശിലയായ മിശിഹാ രാജാവേ, പ്രതിഭാശാലികളുടെ കവചമായ മിശിഹാ രാജാവേ, പ്രബലന്മാർക്ക് പേടിസ്വപ്നമായ മിശിഹാ രാജാവേ, വേദസാക്ഷികൾക്ക് സ്വർഗ്ഗകിരീടം നൽകിയ മിശിഹാ രാജാവേ, വേദങ്ങളുടെ വ്യാഖ്യാതാവായ മിശിഹാ രാജാവേ, കുഞ്ഞുങ്ങളുടെ തോഴനായ മിശിഹാ രാജാവേ, കുടുംബങ്ങളുടെ നിത്യസമാധാനമായ മിശിഹാ രാജാവേ, വ്യാധികളെ ക്ഷണനേരം കൊണ്ടകറ്റിയ മിശിഹാ രാജാവേ, പിശാചുക്കളുടെ നിത്യവൈരിയായ മിശിഹാ രാജാവേ, പാപികളുടെ സങ്കേതമായ മിശിഹാ രാജാവേ, പരിതാപാവസ്ഥയിൽ ഞങ്ങൾക്ക് എളുപ്പം സമീപിക്കാവുന്ന ഏകരാജാവേ, സംഘർഷം നിറഞ്ഞ ലോകത്തിൽ, ആശാനാളമായ മിശിഹാ രാജാവേ, അദ്ധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കുമായി തിരുഹൃദയം തുറന്നുതന്ന ദയാപരനായ ഞങ്ങളുടെ രാജാവേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

പുരോഹിതൻ: സൃഷ്ടാവായ ദൈവത്തിന് സമാനനും / ഏകജാതനും / മർത്യവർഗ്ഗത്തിന്റെ വിമോചകനുമായ മിശിഹാ രാജാവേ. സമൂഹം: കർത്താവേ ഞങ്ങളുടെ ഘോരമായ പീഢിതാവസ്ഥ തൃക്കൺപാർക്കേണമേ. എല്ലാവരും: ഞങ്ങളുടെ വിധിക്കും വീണ്ടെടുപ്പിനുമായി അന്ത്യനാളിൽ / മേഘങ്ങളിൽ വന്നിറങ്ങുമെന്ന് അരുളിചെയ്‍ത / വിധികർത്താവേ / ഈ പീഢാനുഭവങ്ങളുടെ ദുർവിധിയിൽ നിന്നും / ഇപ്പോൾ ഞങ്ങളെ വീണ്ടെടുക്കേണമേ. ദൈവമേ / കരുണാമനയായ രാജാവേ / അങ്ങേ കൃപയുടെ കവാടം തുറക്കേണമേ / ദൈവമേ / നിന്ദിതരും പീഢിതരുമായ ഞങ്ങളെ / കൈക്കൊളേളണമേ / ദൈവമേ / അങ്ങേ വരപ്രസാദം തേടിയെത്തിയ / ഞങ്ങളുടെ പ്രാർത്ഥന / കേൾക്കേണമേ. പുരോഹിതൻ: സ്‍നേഹനാഥാ, അവിടുന്ന് ഭിഷഗ്വരന്മാരിൽ ഏറ്റവും നല്ല ഭിഷഗ്വരനായിരുന്നുവല്ലോ / രോഗഗ്രസ്തമായ കാലത്തിനും മനുഷ്യത്വത്തിനും അങ്ങ് യഥോചിതം ചികിത്സ വിധിച്ചു / തളർവാത രോഗികൾ അങ്ങയുടെ ശബ്ദം കേട്ടെഴുന്നേറ്റു / മുടന്തർ നടന്നു / ഊമകൾ സംസാരിച്ചു / കുരുടർ പ്രകാശം കണ്ടു. സമൂഹം: കർത്താവേ ഞങ്ങളേയും വിളിച്ചുണർത്തേണമേ / അങ്ങയുടെ നല്ല ചികിത്സയാൽ ഞങ്ങളുടെ രോഗികളെ സുഖപ്പെടുത്തേണമേ / ദൈവമേ അശാന്തിയും അരക്ഷിതാവസ്ഥയും / അധർമ്മവും തകർത്ത് / അങ്ങയുടെ സമാധാനം പുന:സ്ഥാപിക്കേണമേ. പുരോഹിതൻ: രക്ഷകാ / അങ്ങ് നല്ല ന്യായാധിപനും അഭിഭാഷകനുമാണെന്ന് ചരിത്രം തെളിവ് നൽകുന്നുവല്ലോ / ഏഴകൾക്കുവേണ്ടിയുളള അങ്ങയുടെ ന്യായവാദങ്ങൾ / ആധുനിക യുഗം അംഗീകരിക്കുന്നു / അങ്ങേ ന്യായവിധിയാണല്ലോ / സമസ്തനീതിന്യായ പീഠങ്ങളും ഇന്ന് ഉദ്ഘോഷിക്കുന്നതും ഉദ്ധരിക്കുന്നതും. സമൂഹം: കർത്താവേ / ഞങ്ങൾക്കുവേണ്ടി പരമപിതാവിനോട് ന്യായവാദം നടത്തേണമേ / അങ്ങേ വിധിതീർപ്പുകൾ / നിത്യജീവിതത്തിൽ മാതൃകയാക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ / ജീവിതം അപരനുവേണ്ടി എന്ന് പഠിപ്പിച്ച രക്ഷകാ / പരസ്പരം അംഗീകരിക്കാനും / അങ്ങയുടെ സാമൂഹിക വീക്ഷണം പുന:സ്ഥാപിക്കാനും / ഞങ്ങൾ ബാദ്ധ്യസ്ഥരാണല്ലോ. പുരോഹിതൻ: ശാസ്ത്രപണ്ഡിതനായ സർവ്വേശപുത്രാ, അങ്ങ് പ്രകൃതിയെ അദമ്യമായി സ്‍നേഹിച്ചു / ഒരു പ്രകൃതിശാസ്ത്രവിദഗ്ദ്ധന്റെ വൈഭവം അവിടുന്ന് പലപ്പോഴും പ്രകടമാക്കി. സമൂഹം: കർത്താവേ / ഞങ്ങളുടെ ഭൂമിയേയും വിളകളേയും പരിരക്ഷിക്കേണമേ / പുതിയ വിഭവങ്ങൾ കണ്ടെത്താനും / പ്രകൃതിയെ കൂടുതൽ പ്രയോജനപ്പെടുത്താനും / ശാസ്ത്രത്തേയും മനുഷ്യരാശിയേയും സഹായിക്കേണമേ. പുരോഹിതൻ: അഭൗമമായ ചമത്ക്കാരംകൊണ്ടും / ഉപമകൾ കൊണ്ടും / അനശ്വരമായ തത്വശാസ്ത്രം ലോകത്തിന് നൽകിയ കർത്താവേ / ആലങ്കാരികൻ എന്ന നാമം അങ്ങേയ്‍ക്ക് അന്വർത്ഥമാണല്ലോ. സമൂഹം: ഞങ്ങളുടെ കുടുംബങ്ങളേയും / ആധുനിക ലോകത്തേയും / അങ്ങയുടെ ഉപമാലങ്കാരങ്ങളുടെ ആവർത്തനവേദിയാക്കേണമേ. പുരോഹിതൻ: കർത്താവേ, വഴിവിട്ട് പോയ മക്കൾക്ക് നേർവഴി കാട്ടേണമേ / കലഹവും അസാമാധാനവും തുടച്ചുമാറ്റി / ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തി പുന:സ്ഥാപിക്കേണമേ / സംശയങ്ങളുടെ മറ നീക്കി / വിശ്വസ്തതയും സ്‍നേഹവും തെളിയിക്കേണമേ / തൊഴിലില്ലാതെ കഷ്ടപ്പെടുന്ന യുവജനങ്ങൾക്ക് / തൊഴിൽ / കണ്ടെത്താൻ സഹായം നൽകേണമേ / സകല മാനസിക വിഭ്രാന്തിയിൽ നിന്നും / അവരെ കാത്തുകൊളേളണമേ. സമൂഹം: അപമാനവും ധനനഷ്ടവും വരുത്തുന്ന വഴികളിൽ നിന്ന് / ഞങ്ങളെ പിന്തിരിപ്പിക്കേണമേ / ക്രൂരമായ ആ വിധിക്ക് വിധേയരായ / മനുഷ്യരെ ആശ്വസിപ്പിക്കേണമേ. പുരോഹിതൻ: കർത്താവേ, ഈ സമൂഹംഹം അടക്കം ലോകമെങ്ങുമുളള രോഗികൾക്കും, ദു:ഖിതർക്കും വേണ്ടി അങ്ങ് പഠിപ്പിച്ച പ്രാർത്ഥന ഞങ്ങൾ ആവർത്തിക്കുന്നു. (സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...) പുരോഹിതൻ: കർത്താവ് നിങ്ങളോടുകൂടെ സമൂഹം: അങ്ങയോടും കൂടെ പുരോഹിതൻ: സർവ്വശക്തനായ ദൈവം, പിതാവും, പുത്രനും, പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കട്ടെ. സമൂഹം: ആമേൻ. (പുരോഹിതൻ തീർത്ഥജലം തളിക്കുന്നു.)